Darul Ifta Kauzariyya

വീഡിയോകൾ നിർമിക്കൽ അനുവദനീയമാണോ?

Qu-Id: Q0185
Madhab: General/Other
Date: 01-01-1970
Question:
السلام عليكم സ്വർഗം ,നരകം, ഖബർശിക്ഷ തുടങ്ങിയ ഇസ്ലാമിലെ വിശ്വാസ കാര്യങ്ങൾ, ഇസ്ലാമിക ചരിത്രങ്ങൾ എന്നിവ അടിസ്ഥാനമാക്കി സാങ്കൽപ്പികമായ വീഡിയോകൾ നിർമിക്കൽ അനുവദനീയമാണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ചോദ്യത്തിൽ പരാമർശിക്കപ്പെട്ട രീതിയിലുള്ള വീഡിയോകൾ നിർമിക്കലും അത് ജനങ്ങളിലേക്ക് എത്തിക്കലും അനുവദനീയമല്ല. കാരണം സ്വർഗ്ഗം, നരകം, കബർ ശിക്ഷ, പോലുള്ളവ നമ്മുടെ സങ്കൽപങ്ങൾക്കും അപ്പുറമായതിനാൽ ഇവകളെയെല്ലാം ഒരു വീഡിയോ രൂപത്തിലാക്കി സംപ്രേക്ഷണം ചെയ്യുമ്പോൾ നമ്മുടെ പരിമിതമായ ബുദ്ധിയിലുള്ള സങ്കല്പങ്ങൾക്ക് അനുസൃതമായി മാത്രമേ ജനങ്ങൾക്കു മുമ്പിൽ കാണിക്കുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട്  അവകളെ അതിന്റെ പരിപൂർണ്ണമായ രൂപത്തിൽ നിർമ്മിക്കാൻ സാധിക്കാത്തതിനാൽ ഒന്നുങ്കിൽ അവയിൽ ഇല്ലാത്ത പല കാര്യങ്ങളും അതിലേക്ക് ചേർക്കപ്പെടാനും അല്ലെങ്കിൽ  വേണ്ട കാര്യങ്ങൾ അതിൽ നിന്ന് നഷ്ടപ്പെടാനും കാരണമാകുന്നു . ആയതിനാൽ ഇത് ഇസ്ലാമിൽ ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമക്കലാണ്.ദീനിൽ ഇല്ലാത്ത ഒരു കാര്യം ദീനിന്റെ പേരിൽ  കെട്ടിച്ചമയ്ക്കൽ ഹറാമായ കാര്യമാണ്.  

അതുപോലെ തന്നെയാണ് ഇസ്ലാമിക ചരിത്രങ്ങളെ അടിസ്ഥാനമാക്കി വീഡിയോകൾ നിർമ്മിക്കുമ്പോഴും സംഭവിക്കുന്നത് . അതായത് ഇസ്ലാമിലെ ചരിത്രങ്ങൾ ഒരു വീഡിയോ ആയി നിർമ്മിക്കുമ്പോൾ  അതിൽ മുഴുവൻ സംഭവങ്ങളും വ്യക്തമായ രീതിയിൽ അതിന്റെ യാഥാർത്ഥ്യത്തോടുകൂടി കാണിക്കൽ അസാധ്യമായതിനാൽ  ഇല്ലാത്ത പല സംഭവങ്ങളും ദൃശ്യങ്ങളും കാഥാപാത്രങ്ങളും അതിലേക്ക് കൂട്ടിചേർക്കപ്പെടാനും വേണ്ട കാര്യങ്ങൾ അതിൽ നിന്ന് നഷടപ്പെടാനും കാരണമാവുന്നു.

 ചുരുക്കത്തിൽ ഒരു മനുഷ്യന്റെ സങ്കല്പങ്ങൾക്കും അപ്പുറത്തുള്ള വിശ്വാസ പരമായ കാര്യങ്ങളെ പരിമിതമായ ബുദ്ധികൊണ്ട് സങ്കൽപ്പിച്ച് അതിൽ യാഥാർത്ഥ്യമായ കാര്യങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളിക്കാതെ ഇല്ലാത്തവ കൂട്ടിച്ചേർത്ത്  വീഡിയോകൾ  നിർമ്മിക്കലും അത് ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കലും പാപകരമായ കാര്യമാണ്. അത് അനുവദനീയമല്ല.
 

والله أعلم بالصواب
Scholarly Verification & Certification
Written by
Althaf Qasimi
Checked & Approved by
DARUL IFTA